Kerala

സിപിഐ കൂടെച്ചേര്‍ന്ന ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് കണ്ടതെന്ന് കാനം

കോട്ടയം: കെ എം മാണിയുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി ഇടതുമുന്നണിക്കുള്ളിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. കേരളാകോണ്‍ഗ്രസ് എമ്മുമായി യോജിച്ച് ഇടതുമുന്നണിയില്‍ മുന്നോട്ടുപോകുവാന്‍ സാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍. മാണിയെ വിശ്വസിക്കരുതെന്ന നായനാരുടെ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും സിപിഐ കൂടെച്ചേര്‍ന്ന ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് കണ്ടതെന്നും കാനം കോട്ടയത്ത് പറഞ്ഞു.

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കാനം രാജേന്ദ്രന്‍ സിപിഎം നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. സിപിഐ സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല. സിപിഐ ദുര്‍ബലപ്പെട്ടെന്ന് ചില സ്‌നേഹിതര്‍ പ്രചരിപ്പിക്കുന്നു. സി പി ഐ ദുര്‍ബലമായാല്‍ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ടെന്നും കാനം പറഞ്ഞു.

ഇടത് ഐക്യത്തിനായി സിപിഐ ഇറങ്ങി വന്ന് കൂടെചേര്‍ന്ന ശേഷമാണ് പലര്‍ക്കും സെക്രട്ടറിയേറ്റ് കാണാന്‍ അവസരമുണ്ടായതെന്ന് ഓര്‍ക്കണം. ഇത്രനാളും കുടെക്കഴിഞ്ഞിട്ടും ചാരിത്ര്യത്തില്‍ സംശയിക്കുന്നവരോട് എന്ത് പറയാനാണെന്നും കാനം ചോദിച്ചു.

കെ എം മാണിയെ മുന്നണിയിലെടുത്താന്‍ സഹകരിച്ച് മുന്നോട് പോകുവാന്‍ ബുദ്ധിമുട്ടാണ്. മാണിയെ വിശ്വസിക്കരുതെന്ന നായനാരുടെ വാക്കുകളാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാരുടെ ആവശ്യമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

834 Shares
Close
Close