സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 64 റണ്‍സെടുത്ത ജീന്‍ പോള്‍ ഡുമിനിയും 69 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനുമാണ് കളിയിലെ താരങ്ങള്‍. ക്ലാസനാണ് മാന്‍ ഓഫ് ദ് മാച്ച്. ഇന്ത്യക്കായി ഉനദ്കട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ടാക്കുര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് മികച്ച സ്കോര്‍ നേടിയത്. 48 പന്തില്‍ നിന്നാണ് മനീഷ് പാണ്ഡെ 79 റണ്‍സ് നേടിയത്.
ഇന്ത്യയുടെ ബാറ്റിങ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായി. സുരേഷ് റെയ്നയും(31), ശിഖര്‍ ധവാനും(24) റണ്‍സ് വീതമെടുത്തു. കോഹ്ലി ഒരു റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് റെയ്നക്കൊപ്പമുള്ള കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ നില ഭദ്രമാക്കിയ പാണ്ഡെ ധോണിയെ കൂട്ടുകിട്ടിയതോടെ ആഞ്ഞടിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം സ്വന്തമാക്കാനായല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി പരമ്പരയും സ്വന്തമാക്കാമായിരുന്നു. നേരത്തെ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. ഇരുടീമുകളും ഓരോ ജയം നേടിയതോടെ നിര്‍ണായകമായ അവസാന ട്വന്റി20 ശനിയാഴ്ച നടക്കും.