കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. അവസാന കളി വിജയിച്ചതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന അഞ്ച് ഓവറില്‍ 72 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ജോങ്കറും ബെഹാര്‍ഡീനും പ്രതീക്ഷ നല്‍കിയെങ്കിലും വിജയിക്കാനായില്ല.
ഓപ്പണര്‍ ശിഖാര്‍ ധവാന്റെയും സുരേഷ് റെയ്‌നയുടെയും കരുത്തിലാണ് ഇന്ത്യ 173 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്. ധവാന്‍ 47 റണ്‍സും സുരേഷ് റെയ്‌ന 43 റണ്‍സെടുത്തും പുറത്തായി. രോഹിത് ശര്‍മ്മ(11), മനീഷ് പാണ്ഡെ(6), ധോണി(12), ഹര്‍ദിക് പാണ്ഡ്യ(21), ദിനേശ് കാര്‍ത്തിക്(13) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു റണ്‍സെടുത്ത് അക്ഷര്‍ പട്ടേലും മൂന്ന് റണ്‍സുമായി ഭുവിയും പുറത്താകാതെ നിന്നു.
അവസാന 30 പന്തില്‍ 72 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. ഡുമിനി മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഡുമിനിയെ(40 പന്തില്‍ 55 റണ്‍സ്) താക്കൂര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. അവസാന പന്തില്‍ എട്ട് റണ്‍സ് വേണമെന്നിരിക്കേ ജോങ്കര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ഏഴ് റണ്‍സ് അകലെ അവസാനിച്ചു.
ജോങ്കര്‍ 49 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബെഹാര്‍ഡീന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി ഭുവി രണ്ടും ബൂംറയും താക്കൂറും റെയ്‌നയും ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 172 റണ്‍സെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ജൂനിയര്‍ ഡലാ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.















