വാഷിങ്ടണ്‍: കയ്യിലിരുന്ന ഐഫോണ്‍, തോക്കാണെന്നു തെറ്റിദ്ധരിച്ച് സാക്രമെന്റോ പോലീസ് ഉദ്യോഗസ്ഥര്‍ കറുത്ത വംശജനായ യുവാവിനെ വെടിവച്ചു കൊന്നു. ക്ലാര്‍ക്ക് എന്ന 22 വയസുകാരനാണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ വീടിന്റെ മുറ്റത്തു നില്‍ക്കുമ്പോഴാണ് ഇയാള്‍ക്കു വെടിയേറ്റത്. തങ്ങള്‍ക്കു നേരെ ആയുധം ചൂണ്ടുകയാണെന്നു തെറ്റിദ്ധരിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാര്‍ക്കിനു നേരെ വെടി ഉതിര്‍ക്കുന്നത്. 20 വട്ടമാണ് ഇവര്‍ ക്ലാര്‍ക്കിനു നേരെ വെടി ഉതിര്‍ക്കുന്നത്.
വെടി വച്ച ശേഷം ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് ക്ലാര്‍ക്കിന്റെ കയ്യിലിരുന്നത് ഐഫോണ്‍ ആണെന്നു കണ്ടെത്തിയത്. ഇയാളെ വെടിവച്ചു വീഴ്ത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യവും ആകാശ ദൃശ്യങ്ങളുമാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ ഇവരുടെ സംഭാഷണങ്ങളെല്ലാം വ്യക്തമാണ്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ക്ലാര്‍ക്കിനോട് തോക്ക് താഴെ ഇടാന്‍ പറയുന്നതും, വെടി ഉതിര്‍ക്കുന്ന ശബ്ദവുമെല്ലാം കേള്‍ക്കാന്‍ സാധിക്കും. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.
2018ല്‍ വാഷിങ്ടണ്‍ സ്റ്റേഷന് പരിധിയില്‍ പൊലീസ് വെടിവപ്പില്‍ കൊല്ലപ്പെടുന്ന 230ാമത്തെ വ്യക്തിയാണ് ക്ലാര്‍ക്ക്. കഴിഞ്ഞ വര്‍ഷം 987 പേര്‍ക്കാണ് ഇവിടെ പൊലീസ് വെടിവപ്പില്‍ ജീവന് നഷ്ടപ്പെട്ടത്.