സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ നടപടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്ന നിലയില്‍, സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്മിത്ത് രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
കേപ്ടൗണ്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് ഓപ്പണര്‍ കൂടിയായ ബെന്‍ ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് സ്‌ക്രീനില്‍ ദൃശ്യമായതോടെയാണ് വിശദീകരണം നല്‍കാന്‍ സ്മിത്ത് നിര്‍ബന്ധിതനായത്. മത്സര ശേഷം മാധ്യമങ്ങളെ കണ്ട ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ടീമംഗങ്ങളുടെ അറിവോടെയാണ് ഇത് ചെയ്തതെന്ന വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങളിലേക്കു വഴി തെളിക്കുകയായിരുന്നു. ഇതിനു ശേഷം സ്മിത്തിനും ടീമിനും നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.















