Indian Premier League

തിരിച്ചു വരവ് ഗംഭീരമാക്കാന്‍ ചെന്നൈ; കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടം തുടരാന്‍ മുംബൈ; ആദ്യമത്സരത്തിലെ വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

മുംബൈ: ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ്. മടങ്ങിവരവ് ഗംഭീരമാക്കാന്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ കച്ചകെട്ടുമ്പോള്‍, അത്യുഗ്രന്‍ ടീമിനെ അണിനിരത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.

മൂന്ന് തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സും, രണ്ട് തവണ കപ്പ് നേടിയിട്ടുള്ള ചെന്നൈയും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരം ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നത് എന്നതാണ് ഇതില്‍ പ്രധാനം. കടലാസില്‍ കരുത്തരുടെ നിര ഏറെ ഇല്ലെങ്കിലും ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ പ്രഭാവം ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷ ഏറെയാണ്.

ഫോമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്‌നയെ ആശ്രയിച്ചായിരിക്കും ടീമിന്റെ ബാറ്റിംഗ് മുന്നേറ്റങ്ങള്‍. കൂടാതെ, ധോണിയുടെ ബാറ്റിംഗ് കരുത്ത് ഏറെ പ്രകടമാകുന്ന സീസണായിരിക്കും ഇതെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വിലയിരുത്തുന്നു. ഇതിന് പുറമേ, ഫാഫ് ഡൂ പ്‌ളെസിയും ഡ്വെയിന്‍ ബ്രാവോയും തങ്ങളുടേതായ ദിനങ്ങളില്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്.

മറുവശത്ത് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മ നേതൃത്വം നല്‍കുന്ന മുംബൈ ഇന്ത്യന്‍സ് കരുത്തുറ്റ ടീമുമായാണ് കളത്തില്‍ ഇറങ്ങുന്നത്. ഇടങ്കയ്യന്‍ ഓപ്പണര്‍മാരായ ഇവിന്‍ ലെവിസും ഇഷാന്‍ കിഷനും ഏതൊരു ബൗളിംഗ് നിരയേയും കശക്കിയെറിയാന്‍ കെല്‍പ്പുള്ളവരാണ്. ജെ.പി.ഡുമിനിയും കീറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രുണാല്‍പാണ്ഡ്യയും മുംബൈ ബാറ്റിംഗിന്റെ ആഴം കൂട്ടുന്നു. ജസ്പ്രീത് ഭുംമ്രയും മുസ്താഫിസുര്‍ റഹ്മാനും നേതൃതം നല്‍കുന്ന അവരുടെ ബൗളിംഗ് നിരയില്‍ മക്‌ളിനാഗനേയും കുമ്മിന്‍സിനേയും പോലുള്ള പരിചയസമ്പരുമുണ്ട്.

സ്വന്തം മൈതാനത്ത് ഇറങ്ങുന്നതിന്റെ ആനുകൂല്യവും മുംബൈയ്ക്ക് ഇന്നുണ്ട് എന്ന് പറയാതെ വയ്യ. എങ്കിലും ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5ന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനം അസാധ്യം.

168 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close