ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറില്‍ പോകുകയായിരുന്ന മോഡലിന്റെ പാവാട വലിച്ച് പൊക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് അറസ്റ്റ്. തിരക്കേറിയ നഗരത്തില്‍ വച്ചുണ്ടായ സംഭവം മോഡലിന്റെ ട്വീറ്റിലൂടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്നാണ് ആക്രമണം നടത്തിയവരെ പിടികൂടിയത്.
ആക്ടീവയില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ രണ്ടു പേര് ആക്രമിച്ചുവെന്നും, വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തനിക്ക് സ്കൂട്ടറില്‍ നിന്ന് താഴെ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ആരും തയ്യാറായില്ലെന്നും താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും ട്വീറ്റില്‍ അവര്‍ കുറിച്ചിരുന്നു.
സംഭവം വൈറലായതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ 60ഓളം സിസിടിവികള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെയും പോലീസ് പിടികൂടുന്നത്. ലക്കി(22) ബണ്ടി(24) എന്നിവരാണ് പിടിയിലായത്. ഒരു റെഡിമെയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും.
ആക്രമണം നടന്ന് 24 മണിക്കൂറിനുളളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും 20000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.