ഹൈദരാബാദ്: അനധികൃതമായി പണപ്പിരിവ് നടത്തിയ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഹൈദരാബാദില്‍ പിടിയില്‍. തങ്ങളുടെ കൂടെയുള്ള മറ്റ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാനെന്ന വ്യാജേനയാണ് ഇവര്‍ പണപ്പിരിവ് നടത്തിയത്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ മോഹ് അയൂബ്, അഹമ്മദ് നൂര്‍ എന്നിവരാണ് പിടിയിലായത്.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ദിവസക്കൂലിക്ക് ബാലപുരി എന്ന സ്ഥലത്താണ് ഇരുവരും ജോലി ചെയ്തിരുന്നത്. കൂടുതല്‍ പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പണപ്പിരിവ് നടത്തിയത്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാനെന്ന വ്യാജേനയായിരുന്നു പണപ്പിരിവ്. ഇതിനായി ഇവര്‍ സമൂഹമാദ്ധ്യമങ്ങളും ഉപയോഗിച്ചെന്ന് പൊലീസ് പറഞ്ഞു.
35000ത്തോളം രൂപയും മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.