തിരുവനന്തപുരം: യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെ ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യ സഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ സാഹചര്യവും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനവും വിശദീകരിക്കാനാണ് യോഗം. നിലവിലെ സാഹചര്യത്തില്‍ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന വാദമാകും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ലീഗും യോഗത്തില്‍ വിശദീകരിക്കുക.
രാവിലെ 10 മണിക്ക് കേരള കോണ്‍ഗ്രസിന്റെ പാര്ലമെന്ററിയോഗവും ചേരും. പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. രാജ്യസഭ സ്ഥാനാര്‍ത്ഥി ആരെന്നുള്ള കാര്യം യോഗത്തില്‍ തീരുമാനമാകും. മുന്നണിയില്‍ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തേക്കും.
അതേ സമയം രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫില്‍ നിന്നും കൂടുതല്‍ ആളുകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുക്കില്ല. ഷാനിമോള്‍ ഉസ്മാനും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ കാര്യ സമിതിയോഗം മാറ്റി വക്കണമെന്ന് ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തി. നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിത്. തിരുത്തല്‍ നടപടിയുമായി ഹൈക്കമാന്റ് ഇടപെടണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് മാത്രമാണ് ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തമെന്ന് യുഡിഎഫ് നേതാവ് എ.എ.അസീസ് ആരോപിച്ചു.
യുവ എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ തീരുമാനത്തിനെതിരെ ഇന്നലെ തന്നെ പ്രതിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങള്‍ വഴി രൂക്ഷ പ്രതികരണവുമായാണ് യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍, വിടി ബല്‍റാം, കെഎസ് ശബരീനാഥന്, റോജി എം ജോണ്‍, അനില്‍ അക്കര തുടങ്ങിയവര്‍ രംഗത്തെത്തിയത്.