തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ്സിൽ പിഎസ് സി അംഗം ആർ പാർവ്വതി ദേവി പങ്കെടുത്തിട്ടില്ലെന്ന് പബ്ലിക് സർവീസ് കമ്മീഷൻ. ഹൈദരാബാദിൽ നടന്ന സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിൽ പാർവ്വതി ദേവി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ നേരത്തെ ജനം ടിവി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞാലംഘനം ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിനാണ് പിഎസ് സി അണ്ടർ സെക്രട്ടറി തെറ്റായ മറുപടി നൽകിയത്.
https://www.youtube.com/watch?v=Zd9Aps6Mo_4
ഭർത്താവും മുൻ എംഎൽഎയും സിപിഎം നേതാവുമായ വി ശിവൻകുട്ടിയോടൊപ്പം സമ്മേളനം നടന്ന ഹാളിൽ പാർവ്വതി ദേവി ഇരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞാലംഘനം ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ച മറുപടിയിൽ പിഎസ് സി അംഗം പാർവ്വതി ദേവി സിപിഎമ്മിന്റെ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. സത്യപ്രതിജ്ഞാലംഘനമല്ലെന്നും പറയുന്നു. പി എസ് സി അണ്ടർ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ പ്രീത പി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
പി എസ് സി അംഗം പാർട്ടി നോമിനിയാണെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ പാർവ്വതി ദേവി സിപിഎം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തത് ചട്ടലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. തെറ്റായ വിവരം നൽകുക വഴി പബ്ലിക് ഇൻഫർമേഷൻ ഓഫീസറും നടപടി ക്ഷണിച്ച് വരുത്തുകയാണ്.