മലപ്പുറം: ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് വിദ്യാർത്ഥികളുടെ കാലുകൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്രയ്ക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ. വൈക്കത്തിന് സമീപത്ത് വച്ചായിരുന്നു വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്.
അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇവർ വാതിലിന് സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് മറ്റ് യാത്രക്കാർ വന്ന് നോക്കിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സഹയാത്രക്കാർ ചേർന്ന് വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഇടതുകാലിനാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികളുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയത്.