ന്യൂഡല്‍ഹി: യുഎന്നിന്റെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള മെഡല്‍ 7 ഗര്‍വാള്‍ ഇന്‍ഫന്ററി ബറ്റാലിയന് ഗ്രൂപ്പിന് ലഭിച്ചു. ദക്ഷിണ സുഡാനില്‍ സമാധാനപാലനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
യുഎന്‍ ദൗത്യങ്ങളുടെ കമാന്‍ഡറും ബ്രിഗേഡിയര്‍ ജനറലുമായ മുഹമ്മദ് അല്‍ മസൂം, വിവിധ രാജ്യങ്ങളിലെ കമാന്‍ഡര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്. സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അഭിനന്ദനമാണ് ചടങ്ങിലുടനീളം ലഭിച്ചത്.
ജൊങ്ഗ്ലെയ് സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സേന സജീവവും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. യുഎന്നിന്റെ സമാധാന ശ്രമങ്ങള്‍ക്കുളള മെഡല്‍ നേടിയതിന് സംഘത്തിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായി മസൂം പറഞ്ഞു.
ഇന്ത്യന്‍ സേനയുടെ സേവനങ്ങള്‍ തികച്ചും ആത്മാര്‍ത്ഥ പൂര്‍ണമായിരുന്നെന്നും ഏറെ മികച്ചതായിരുന്നുവെന്നും യുഎന്‍ സൗത്ത് സുഡാന് മിഷന് ഡെപ്യൂട്ടി ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബയാര്സൈഖാന് ഡഷ്ഡോന്ഡോഗ് പറഞ്ഞു.
ചടങ്ങില്‍ നടന്ന പരേഡില്‍ മേജര്‍ അമന് ലംബ ഇന്ത്യന്‍ സേനയെ നയിച്ചു.