വഡോദര: ഗുജറാത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതേ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്ററ് ചെയ്തു. വെള്ളിയാഴ്ചയാണ് ബരാന്പോറ ഭാരത് സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 15ലേറെ കുത്തുകള്‍ ഏറ്റ കുട്ടി ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. സംഭവമുണ്ടായി ഇന്നലെ രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലെ തന്നെ നാല് വിദ്യാര്‍ത്ഥികളെ തുടക്കം മുതല്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ മരിച്ച കുട്ടിയും പ്രതിയും തമ്മില്‍ കൊലപാതകം നടന്ന സ്ഥലത്ത് വച്ച് തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
സ്കൂളിന് സമീപത്തു നിന്നും പ്രതിയുടെ ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നു കത്തിയും ഒരു കുപ്പി മുളകു വെള്ളവും ഇതിനുള്ളില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇതിന് പുറമെ 12 ഇഞ്ച് നീളമുള്ള ഒരു കത്തിയും മൃതശരീരത്തിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പു മാത്രമാണ് കൊല്ലപ്പെട്ട കുട്ടി ഈ സ്കൂളില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ സ്കൂളില്‍ ഏഴു വയസുകാരനെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ സ്കൂളിലെ പതിനാറുകാരനാണ് സംഭവത്തില്‍ പ്രതിയെന്നു തെളിഞ്ഞിരുന്നു.