ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങളും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും അതാത് രാജ്യങ്ങളുമായി പങ്കു വയ്ക്കപ്പെടുകയും ചെയ്യും.
വ്യാജരേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐയുടെയും കേന്ദ്രത്തിന്റെയും ആവശ്യപ്രകാരമാണ് നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തട്ടിപ്പു കേസില്‍ സിബിഐ ഇതിനോടകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.
നീരവ് മോദിക്കു പുറമെ അമ്മാവന് മെഹുല്‍ ചോക്സിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരിയില്‍ മോദിക്കെതിരെ തെരച്ചില്‍ നോട്ടീസും സിബിഐ പുറപ്പെടുവിച്ചിരുന്നു. ഇത് വഴി ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറിയുവാന്‍ സാധിക്കുമായിരുന്നു. ഇങ്ങനെയാണ് യു.കെ വഴിയുള്ള നീരവിന്റെ വിമാനയാത്രയുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ എവിടെയെന്നുള്ള വിവരം ലഭ്യമായിരുന്നില്ല. ഇതോടെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.