കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പ്പക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട്ടമ്മയുടെ വീടും സ്ഥലവും ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കൊച്ചി ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവുമാണ് ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങുന്നത്. പ്രീതക്ക് പിന്തുണയുമായി നിരവധി നാട്ടുകാരാണ് ഇവിടെ എത്തിയിരിക്കുന്നത്.
നാട്ടുകാരില്‍ ചിലര്‍ മണ്ണെണ്ണയും പെട്രോളുമുള്പ്പെടെ ആയിട്ടാണ് എത്തിയിരിക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തി വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു. ജപ്തി അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുഹൃത്തിന് വായ്പ എടുക്കുന്നതിന് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ചിതയൊരുക്കി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 1994ലാണ് സുഹൃത്തിന് രണ്ടരലക്ഷം രൂപ വായ്പയെടുക്കാന്‍ പ്രീത ജാമ്യം നില്‍ക്കുന്നത്. ഇതിനിടെ ഈ ബാങ്കിനെ സ്വകാര്യ ബാങ്ക് ഏറ്റെടുത്തു. സുഹൃത്തിന് കടം വീട്ടാന്‍ പറ്റാതായതോടെ ബാങ്ക് സ്ഥലമേറ്റെടുക്കാന്‍ നടപടി തുടങ്ങി. മറ്റൊരു സ്ഥലം വിറ്റ് വായ്പ അടക്കാന്‍ പ്രീത ശ്രമിച്ചെങ്കിലും ബാങ്ക് ഇതിന് അനുമതി നല്‍കിയില്ല.
രണ്ടരക്കോടി മതിപ്പുവിലയുള്ള സ്ഥലമാണ് ബാങ്ക് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഈ സ്ഥലം 38 ലക്ഷം രൂപക്ക് ലേലം ചെയ്തുവെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍ 50 ലക്ഷം വരെ ബാങ്കിന് നല്‍കാമെന്ന് അറിയിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്ന് പ്രീത പറയുന്നു. ബാങ്കിന്റെ നടപടികള്‍ ഭൂമാഫിയക്ക് വേണ്ടിയാണെന്നാണ് ആരോപണം.