Defence

അതെ ഇത് ഇന്ത്യൻ സൈന്യമാണ് ! യുദ്ധത്തിൽ തോറ്റ ധീരന്മാരായ എതിരാളികളെ അവർ ബഹുമാനിക്കുന്നു : കാർഗിലിൽ വീരോചിതം പൊരുതിയ പാക് ക്യാപ്ടന് ഇന്ത്യ നൽകിയ അവാർഡിന്റെ കഥ

യുദ്ധത്തിൽ എതിരാളി കൊല്ലപ്പെട്ടാലും അയാളുടെ ധൈര്യത്തെയും പൊരുതാനുള്ള കഴിവിനേയും അംഗീകരിക്കുന്നവരാണ് യഥാർത്ഥ ധീരന്മാർ .അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ലോകചരിത്രത്തിൽ എടുത്തു കാട്ടാൻ കഴിയും. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി തോറ്റമ്പിയപ്പോഴും മരുഭൂമിയിലെ കുറുക്കൻ എന്നറിയപ്പെട്ട ജർമ്മൻ ജനറൽ എർവിൻ റോമ്മലിനെ സഖ്യകക്ഷികൾ ബഹുമാനിച്ചിരുന്നു. ബ്രിട്ടീഷ് പൊതുസഭയിൽ സാക്ഷാൽ വിൻസ്റ്റൺ ചർച്ചിലിനു പോലും പറയേണ്ടി വന്നു , തങ്ങൾക്ക് നേരിടേണ്ടി വന്നത് മഹാനായ ഒരു ജനറലിനെയാണെന്ന്.

1999 ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം പട്ടാളക്കാർക്ക് ആദരവും പുരസ്കാരവും നൽകാൻ പാകിസ്ഥാന് 11 വർഷം വേണ്ടി വന്നു.എന്നാൽ വീരോചിതം പൊരുതിയ പാകിസ്ഥാൻ സൈനികൻ ക്യാപ്ടൻ കർണാൽ ഷെർ ഖാനെ ഇന്ത്യൻ സൈന്യം അന്നു തന്നെ ആദരിച്ചിരുന്നു. കാർഗിലിൽ നുഴഞ്ഞു കയറിയത് മുജാഹിദ്ദീനുകൾ ആയിരുന്നു എന്ന വാദമാണ് ‌അന്ന് പാകിസ്ഥാൻ ഉയർത്തിയത്.അന്താരാഷ്ട്രതലത്തിലെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിരുന്നു പാകിസ്ഥാൻ ഈ തന്ത്രം പയറ്റിയത്. അതുകൊണ്ട് തന്നെ യുദ്ധത്തിൽ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങൾ അനാഥവുമായി . ഇരുനൂറോളം പാക് സൈനികരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സൈന്യമാണ് ഖബറടക്കിയത്.

നുഴഞ്ഞു കയറിയ പാക് സൈനികരുടെ പക്കൽ നിന്ന് ശക്തമായ പോരാട്ടത്തിലൂടെ ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ച ടൈഗർ ഹിൽ വീണ്ടും കൈക്കലാക്കാൻ പാക് ക്യാപ്ടൻ കർണാൽ ഷേർഖാൻ ശ്രമിച്ചു.പാക് നോർത്തേൺ ലൈറ്റ് ഇൻഫൻട്രി ഭടന്മാർക്കൊപ്പം പകൽ വെട്ടത്തിൽ പ്രത്യാക്രമണം നേരിട്ട് നടത്തി ഷേർഖാൻ. ടൈഗർ ഹില്ലിന്റെ കാവൽക്കാരയി നിലയുറപ്പിച്ചിരുന്ന 18 ഗ്രനേഡിയേഴ്സിനൊപ്പം എട്ടാം സിഖ് പടയേയും ഇന്ത്യൻ സൈന്യത്തിന് നിയോഗിക്കേണ്ടി വന്നു ക്യാപ്റ്റൻ കർണാൽ ഷേർ ഖാന്റെ പ്രത്യാക്രമണത്തെ പ്രതിരോധിക്കാൻ. ഒടുവിൽ പാകിസ്ഥാനു വേണ്ടി കർണാൽ ഷേർഖാനും പതിനഞ്ച് സൈനികരും വെടിയേറ്റ് വീണു.അവസാന ശ്വാസം വരെ പൊരുതിയ ഖാൻ സൈനികർക്ക് ചേർന്ന വിധത്തിൽ വീരമൃത്യു വരിച്ചു.

ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കുന്ന പാക് സൈനികരുടെ ചെയ്തികൾക്ക് ഇന്ത്യ മറുപടി നൽകിയത് അതേ നാണയത്തിലായിരുന്നില്ല. തങ്ങളുടെ മഹത്തായ പാരമ്പര്യത്തിന് ‌അനുസരിച്ച് യുദ്ധത്തിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ക്യാപ്ടന് ‌അർഹമായ ബഹുമതി തന്നെ ഇന്ത്യൻ സൈന്യം നൽകി. അതിർത്തിക്കപ്പുറം അയാളുടെ പോരാട്ടത്തെ അവർ ആദരിച്ചു. സൈനിക റെക്കോഡുകളിൽ അത് രേഖപ്പെടുത്തി.
വർഷങ്ങൾക്കിപ്പുറം കൊല്ലപ്പെട്ട സൈനികരെ പാകിസ്ഥാൻ ആദരിച്ചപ്പോൾ ക്യാപ്ടൻ കർണാൽ ഷേർ ഖാൻ പരമോന്നത ബഹുമതിയായ നിഷാൻ ഇ ഹൈദർ ലഭിക്കാൻ ഒരു കാരണം ഇന്ത്യൻ സൈന്യത്തിന്റെ ഈ അഭിനന്ദനമായിരുന്നു.

ഇന്ന് പാകിസ്ഥാനിലെ ഹീറോയാണ് കർണാൽ ഷേർ ഖാൻ . ഇന്ത്യയോട് കൃതജ്ഞത സ്ഫുരിക്കുന്ന മനസ്സോടെ കുടുംബം ഒന്നടങ്കം പറയുന്നു. പാകിസ്ഥാന്റെ എതിരാളി ഭീരുക്കളല്ലാത്തതിന് ഞങ്ങൾ അള്ളാഹുവിനോട് നന്ദി പറയുന്നു. ഇന്ത്യക്കാർ ഭീരുക്കളാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഞങ്ങളത് ഒരിക്കലും അംഗീകരിക്കില്ല.

അതെ ഇത് ഇന്ത്യൻ സൈന്യമാണ്.യുദ്ധത്തിൽ തോറ്റ ധീരന്മാരായ എതിരാളികളെ അവർ ബഹുമാനിക്കുന്നു !

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close