NewsSpecial

അർബുദമേ നീ തോൽക്കുകയാണ് : ഇതാ കീമോ വാർഡിൽ നിന്നൊരു ജീവിതാനശ്വരഗാനം

പാറി നടക്കുന്നവരെ പെട്ടെന്നൊരു ദിവസം പടു കുഴിയിലേക്ക് തള്ളി വിടുന്ന വിധിക്ക് നേരേ ഉയരുകയാണ്‌ ഈ ജീവിതാനശ്വരഗാനം . അതെ നമ്മുടെ നന്ദു മഹാദേവ പാട്ടുപാടിയിരിക്കുന്നു . മാസങ്ങൾ നീണ്ട ഞണ്ടിറുക്കത്തിന്റെ വേദനയും ഒരു കാൽ നഷ്ടമായതും അവനെ തളർത്തുന്നില്ല. അർബുദമേ വേണമെങ്കിൽ നിനക്ക് തോൽക്കാം, പക്ഷേ ഞാനീ സമൂഹത്തിനു വേണ്ടി എന്റെ ജീവിതം സമർപ്പിക്കുകയാണ് എന്ന് ഉറക്കെപ്പറയുകയാണ് നന്ദു.

വേദനയും ശ്വാസം മുട്ടും സഹിച്ച് പാടിയ പാട്ട് അവൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. കത്രീന വിജിമോൾ രചിച്ച് മുരളി അപ്പാടത്ത് സംഗീതം നൽകിയ ചിരമോഹമെന്നിൽ എന്നു തുടങ്ങുന്ന ഗാനമാണ് നന്ദു പാടിയത്. തനിക്ക് വേണ്ടി മുടി മുറിച്ച് നേർച്ചകൾ നേർന്നവർ, ഇന്നും മുടങ്ങാതെ നാരങ്ങാ വിളക്ക് കത്തിക്കുന്നവർ , അമ്പലങ്ങളിൽ അർച്ചന നടത്തുന്നവർ , സ്ഥിര നാമജപത്തിൽ ഉൾപ്പെടുത്തിയവർ , ഇവർക്കെല്ലാവർക്കും ഒപ്പം ഗുരുവായൂരപ്പനും ഈ ഗാനം സമർപ്പിക്കുന്നതായി നന്ദു ഫേസ്ബുക്കിൽ കുറിച്ചു.

കീമോവാർഡിൽ നിന്ന് നേരേ പോയാണ് നന്ദു പാട്ടു പാടിയിരിക്കുന്നത് . ഒരു കട്ടിലിൽ നാലു ചുമരുകൾക്കുള്ളിൽ എന്നെന്നേക്കും കിടപ്പിലായി എന്ന അവസ്ഥയിൽ നിന്നും മനശക്തി കൊണ്ടും പ്രാർത്ഥന കൊണ്ടും ഉയിർത്തെഴുന്നേറ്റവനാണ് താൻ എന്ന് അവൻ സാക്ഷ്യപ്പെടുത്തുന്നു.വിധിയേ നേരിടുന്നവർക്ക് പ്രചോദനമാകാനാണ് താൻ ശ്രമിക്കുന്നതെന്ന് അവൻ പറയുമ്പോൾ അവിടെ ജീവിതത്തിന്റെ കൊടിപ്പടം ഉയരുകയാണ്.

ക്രിക്കറ്റ് കളിക്കിടെ വന്ന കാലുവേദനയിൽ നിന്നായിരുന്നു തന്റെ ജീവിതത്തെ അർബുദം പിടികൂടിയിരിക്കുന്നതായി അവൻ മനസ്സിലാക്കിയത്. പിന്നീട് കാലു മുറിച്ചു മാറ്റേണ്ടി വന്നുവെങ്കിലും അവൻ തളർന്നില്ല. വെറും ജലദോഷമായി മാത്രമേ താനതിനെ കാണുന്നുള്ളൂ എന്ന് പറഞ്ഞ് അർബുദത്തോട് പൊരുതാൻ തന്നെയായിരുന്നു തീരുമാനം.ചികിത്സാനുഭവങ്ങൾ  ഫേസ്ബുക്കിൽ പങ്കുവയ്ക്കുക കൂടി ചെയ്തതോടെ പതിനായിരങ്ങളാണ് പിന്തുണയുമായെത്തിയത് .

എണ്ണീടാത്ത പുരുഷായുസ്സുകൾ വെണ്ണീറും പുകയുമായടങ്ങുമ്പോൾ പൊലിമയോട് പൊങ്ങട്ടെ പുത്തൻ തലമുറയേന്തും പന്തങ്ങൾ എന്ന് ജീവിതത്തിന്റെ കവി പാടിയത് വെറുതേയാകുന്നില്ല .അതെ നന്ദുവിന്റെ ജീവിതാനശ്വരഗാനം വിധിയോട് പൊരുതുന്നവർക്ക് എന്നെന്നും പ്രചോദനമാകുകയാണ്..

Gepostet von Nandu Mahadeva am Sonntag, 15. Juli 2018

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close