സത്യമപ്രിയം

മുഖ്യമന്ത്രിക്ക് ആരെയും പേടിയില്ല; ചെറിയ ഭയം മാത്രം

സത്യമപ്രിയം- ജി കെ സുരേഷ് ബാബു

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യശാലിയാണെന്ന് പറഞ്ഞത് സന്തതസഹചാരിയും അവസരം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിന് തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ പിണറായിക്കുവേണ്ടി വി.എസ്. അച്യുതാനന്ദനടക്കം ആരെയും പോഴത്തം വിളിക്കുന്ന പോഴത്തം മന്ത്രി എം.എം. മണിയോ അല്ല. ഉപദേശകനെന്ന വ്യാജേന മന്ത്രിസഭയിലെ രണ്ടാംസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഏ.കെ. ബാലനും തരം കിട്ടിയാല്‍ പിണറായിക്ക് സാമ്പത്തികശാസ്ത്രം ട്യൂഷന്‍ എടുക്കാന്‍ ശ്രമിക്കുന്ന തോമസ് ഐസക്കും അല്ല. ഇത് താന്‍ടാ പോലീസ് എന്നുപറയുന്ന സ്റ്റൈലില്‍ ഊരിപ്പിടിച്ച വടിവാളുകള്‍ക്കും കത്തികള്‍ക്കും മുന്നിലൂടെ താന്‍ നടന്നുനീങ്ങിയെന്ന് നാടകീയമായി പ്രഖ്യാപിച്ചത് പിണറായി വിജയന്‍ തന്നെയാണ്.

പിണറായി എന്തുപറഞ്ഞാലും രസഗുള മാതിരി വിഴുങ്ങി പഞ്ചസാരപ്പാനി കുടിക്കുന്ന പാര്‍ട്ടിസഖാക്കള്‍ കൈയടിക്കുകയും ചെയ്തു. പ്രസ്താവന കേട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെ മുഖത്തെ പുച്ഛം ഇനിയും പോയിട്ടില്ല. ഇത്രയും ധൈര്യശാലിയായ ആള്‍ എന്തുകൊണ്ടാണ് ജനകീയപ്രശ്‌നങ്ങളില്‍ നിന്നും ദുരന്തമുഖങ്ങളില്‍ നിന്നും ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും. പിണറായി വിജയന്‍ അധികാരത്തിലെത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. പക്ഷേ, കേരളത്തിലുണ്ടായ ദുരന്തങ്ങളെയും ജനകീയ പ്രശ്‌നങ്ങളെയും അദ്ദേഹം എങ്ങനെയാണ് അഭീമുഖീകരിച്ചത്?

കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്തം ഓഖിയായിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നിന്ന് വെറും പത്ത് മിനിറ്റ് യാത്ര മാത്രമുള്ള പൂന്തുറയിലെയും വിഴിഞ്ഞത്തെയും കടലോരങ്ങളിലേക്കെത്താന്‍ മുഖ്യമന്ത്രി എത്രദിവസമെടുത്തു? കടപ്പുറത്തെ പള്ളീലച്ചന്മാര്‍ രാഷ്ട്രീയം കളിച്ചു എന്ന മുഖ്യമന്ത്രിയുടെയും അനുചരന്മാരായ സില്‍ബന്തികളുടെയും വാദം അംഗീകരിച്ചാല്‍ പോലും ഈ കാലതാമസത്തിന് എന്തു സമാധാനമാണ് പറയാനുള്ളത്? ഏതാണ്ട് നൂറിലേറെപ്പേര്‍ ഓഖിയില്‍ കടലില്‍ കാണാതായി. ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി വരെ തലസ്ഥാനത്തെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. പക്ഷേ, മുഖ്യമന്ത്രിക്കോ റവന്യൂ മന്ത്രിക്കോ അവിടെ എത്താനായില്ല. ഏതെങ്കിലും ഒരു വീട്ടിലെങ്കിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയോ ഒരു കുടുംബത്തെയെങ്കിലും ആശ്വസിപ്പിക്കാനോ അച്ഛന്‍ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെയെങ്കിലും കണ്ണീര് തുടയ്ക്കാനോ മുഖ്യമന്ത്രിക്ക് കഴിഞ്ഞോ? വിഴിഞ്ഞത്തെ പള്ളിയില്‍ ദുരന്തബാധിതരെ കാണാന്‍ അവസാനമെത്തിയ മുഖ്യമന്ത്രിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പള്ളിക്കാരുടെ ആ പ്രവൃത്തി ശരിയാണെന്ന് അഭിപ്രായമില്ല. പക്ഷേ, മുഖ്യമന്ത്രി യഥാസമയം അവിടെ എത്തേണ്ടതായിരുന്നു. എവിടെയാണ് പിഴച്ചത്?

തലശ്ശേരിയിലെ രാഷ്ട്രീയക്കൊലപാതകങ്ങളായിരുന്നു അടുത്ത വേദി. രാഷ്ട്രീയക്കൊലപാതകത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകനും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സി പി എം പ്രവര്‍ത്തകന്റെ വസതി മാത്രം സന്ദര്‍ശിച്ചു മടങ്ങി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഈ രീതിയില്‍ അദ്ദേഹം പെരുമാറിയാല്‍ ആരും അത്ഭുതപ്പെടില്ല. കാരണം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്ക് രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ പക്ഷപാതവുമുണ്ട്. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പ്രവര്‍ത്തിക്കണ്ടേ? മുഖ്യമന്ത്രി എന്ന നിലയില്‍ ചുമതലയേല്‍ക്കുമ്പോള്‍ ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ എടുത്തയാള്‍ അത് പാലിക്കാന്‍ ബാധ്യസ്ഥനല്ലേ?

രണ്ട് രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പോവുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരുടെ വീട്ടില്‍ മാത്രം കയറി മടങ്ങുന്നത് പക്ഷപാതമാണെന്ന് പറഞ്ഞാല്‍ തെറ്റാകുമോ! അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരെ ഭയന്നാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? രണ്ടായാലും ഇത് സത്യപ്രതിജ്ഞാലംഘനമാണ്. ആരെയാണ് പിണറായി ഭയപ്പെടുന്നത്? ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളോടും തുല്യ നീതിയോടെ പെരുമാറാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ക്രമസമാധാനപ്രശ്‌നങ്ങളില്‍ പോലും രാഷ്ട്രീയത്തിനനുസരിച്ച് തന്റെ പാര്‍ട്ടിക്കാര്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നത് രാഷ്ട്രീയത്തിന്റെ ഉന്നതമൂല്യങ്ങള്‍ക്ക് അനുസൃതമാണോ?

അടുത്തത് കോഴിക്കോടിനടുത്ത് കട്ടിപ്പാറയിലെ ദുരന്തമായിരുന്നു. എന്തുകൊണ്ട് ഇന്നുവരെ കട്ടിപ്പാറയിലെ ദുരന്തഭൂമി മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല? ദുരന്തത്തിനുശേഷവും പലതവണ മുഖ്യമന്ത്രി മലബാറിലെത്തി. പക്ഷേ, ദുരന്തഭൂമിയിലെത്താനോ അവിടത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് കാണാനോ സാധാരണക്കാരില്‍നിന്ന് കേള്‍ക്കാനോ അദ്ദേഹം ഇന്നുവരെ തയ്യാറായിട്ടില്ല. എവിടെയൊക്കെയോ എന്തൊക്കെയോ ശരിയല്ലെന്ന തോന്നല്‍ ഇവിടെയാണ് ശക്തമാകുന്നത്. പുറ്റിങ്ങല്‍ ദുരന്തവും ഓഖിയും ഉണ്ടായപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഇവിടെവരെ പറന്നെത്താന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞെങ്കില്‍ കോഴിക്കോട് വരെ പോകാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരിക്കേണ്ട യാതൊരു സാഹചര്യവും കേരളത്തില്‍ നിലവിലില്ല. അതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട് നിപ്പ വൈറസ് ബാധയുണ്ടായത്. അവിടെയും മുഖ്യമന്ത്രി എത്തിയില്ല.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനും കോഴിക്കോട് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ സെക്രട്ടറിയേറ്റിലെ ഏ.സി മുറിയുടെ സുഖശീതളിമയില്‍ രോഗബാധയുടെ ആഴം പഠിക്കാനായിരുന്നു ശ്രമം. നിപ്പയെ ഭയമായതുകൊണ്ടാണ് കോഴിക്കോട്ട് പോകാതിരുന്നതെന്ന് ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അത് നിഷേധിക്കാം. കാരണം, ആരെയും പേടിയില്ലാത്ത ആള്‍ക്ക് നിപ്പയെ എങ്ങനെ പേടി വരും? പക്ഷേ, സാധാരണക്കാര്‍ക്കിടയില്‍ അങ്ങനെയൊരു സംഭാഷണം ഉയര്‍ന്നെങ്കില്‍ ആരെ കുറ്റപ്പെടുത്തും?

ഏറ്റവും അവസാനത്തേതാണ് അടുത്തിടെയുണ്ടായ കാലവര്‍ഷക്കെടുതി. മുഖ്യമന്ത്രി അമേരിക്കയിലെ വിനോദസഞ്ചാരവും പുരസ്‌കാരദാനവും കഴിഞ്ഞുവന്ന ഉടനെ ദുരിതാശ്വാസം തേടി സര്‍വ്വകക്ഷിസംഘവുമായി ഡല്‍ഹിക്ക് പോവുകയായിരുന്നു. അമേരിക്കയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് കിട്ടിയ പുരസ്‌കാരം ക്ഷണിച്ചുവരുത്തി കൊടുത്തതല്ലെന്നും അവിടെ ചെല്ലുന്ന ആര്‍ക്കും നല്‍കുന്ന കുപ്പിപിഞ്ഞാണവും പിയേഴ്‌സ് സോപ്പും ആയിരുന്നുവെന്നും അമേരിക്കന്‍ മലയാളികളും സാമൂഹ്യമാധ്യമങ്ങളും പറഞ്ഞത് പരിഹാസമാണെന്ന് പറഞ്ഞു തള്ളാം. ആരെയും പേടിയില്ലാത്ത പിണറായി വിജയന്‍ ഈ കുപ്പിപിഞ്ഞാണം വാങ്ങാന്‍ മാത്രം ചെറുതാകുമോ എന്ന് ഇപ്പോള്‍ പത്തി മടക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോ വി.എസ്സോ പോലും കരുതിയാല്‍ കുറ്റം പറയാന്‍ കഴിയുമോ?

കുപ്പിപിഞ്ഞാണത്തിന്റെയും സോപ്പിന്റെയും ആവേശം മുഴുവന്‍ ചോര്‍ന്നുപോയത് പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ്. ഹെഡ്മാസ്റ്റര്‍ ശൈലിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലൊക്കെ പോയോ എന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍ ചൂളിപ്പോയത് പിണറായി വിജയനല്ല, കേരളമാണ്. കേരളത്തെയാണ് പ്രധാനമന്ത്രി അളന്നത്. പിണറായിക്ക് പകരം ഉമ്മന്‍ചാണ്ടിയോ മറ്റാരെങ്കിലുമോ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാതിരുന്നെങ്കില്‍ എന്താകുമായിരുന്നു സി പി എമ്മിന്റെ പ്രതികരണം. റേഷന്‍ പ്രശ്‌നവും കാലവര്‍ഷക്കെടുതിയിലും കേന്ദ്രത്തിനെ പ്രതിസ്ഥാനത്താക്കാന്‍ പോയ പിണറായി വിജയന്‍ പഴയ നീലക്കുയില്‍ പാട്ടിലെ ചരടു പൊട്ടിയ പമ്പരേമാ, വലിഞ്ഞു പോയ ശീലക്കുടയോ ഒക്കെപ്പോലെ സങ്കടപ്പുഴ നടുവില്‍ മടങ്ങിപ്പോന്നപ്പോള്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് ആരെയും കുത്താന്‍ മടിയില്ലാത്ത രമേശ് ചെന്നിത്തലയ്ക്കു പോലും സങ്കടം വന്നുപോയി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയിട്ടെങ്കിലും തോരാതെ പെയ്യുന്ന മഴയ്ക്കിടെ കുട്ടനാട്ടിലോ കോട്ടയത്തോ ചെല്ലുമെന്ന് എല്ലാവരും കരുതിയെങ്കിലും മുഖ്യമന്ത്രി പോയില്ല.

കൊല്ലത്തെ വിവാദ വ്യവസായിയുടെ വീട്ടിലെ കല്യാണച്ചടങ്ങിന് പോരുമ്പോള്‍ കൊല്ലം കളക്‌ട്രേറ്റില്‍ ദുരിതാശ്വാസ അവലോകനമെന്ന പ്രഹസനം നടത്തി തിരക്കിട്ടു മടങ്ങി. തേവലക്കരയിലെ വിവാദ വ്യവസായിയുടെ വീട്ടില്‍ ഒരു മണിക്കൂര്‍ തങ്ങിയ മുഖ്യമന്ത്രിക്ക് രണ്ടു മണിക്കൂര്‍ കൂടി ചെലവിട്ടിരുന്നെങ്കില്‍ കുട്ടനാട് പോയി മടങ്ങാമായിരുന്നു. ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പിണറായി വിജയന് കുട്ടനാട്ടിലേക്കുള്ള വഴികാണിച്ചു കൊടുക്കുന്ന പോസ്റ്റുകളുടെ പൊങ്കാല വരുന്നെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമല്ലേ?

പിണറായിയെ കണി കാണാന്‍ ആഗ്രഹിച്ച, അദ്ദേഹത്തെ വിപ്ലവത്തിന്റെ രക്തനക്ഷത്രമെന്ന് പറഞ്ഞ് ചിത്രം നെഞ്ചോടു ചേര്‍ത്ത് നടന്ന ജിഷ്ണുപ്രണോയ് മറ്റൊരു സംഭവമാണ്. അവിടെയും പിണറായി പോയില്ല. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലും പിണറായി എത്തിയില്ല. പറവൂരില്‍ പരിപാടിക്ക് പോയിട്ട് കൊച്ചിക്കു മടങ്ങാന്‍ വൈപ്പിന്‍ വഴി 30 കിലോമീറ്റര്‍ വളഞ്ഞ വഴിക്ക് സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ധൈര്യം അപാരം തന്നെ. എന്തുകൊണ്ടാണ് ഈ പ്രശ്‌നങ്ങളില്‍ നിന്നും ദുരന്തമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതെന്ന് അറിയാന്‍ കേരളത്തിലെ ഓരോ സാധാരണക്കാരനും ആഗ്രഹമുണ്ട്. ഒരുപക്ഷേ, മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കുപോലും ഈ ആഗ്രഹം ഉണ്ട്. കഴിഞ്ഞ 50 വര്‍ഷമായി തുടര്‍ന്നുവന്ന മുഖ്യമന്ത്രിമാരുടെ ക്യാബിനറ്റ് ബ്രീഫിംഗ് എന്ന പാരമ്പര്യം നിര്‍ത്തിവെച്ചത് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാതിരിക്കാന്‍ വേണ്ടിയാണെന്ന ആരോപണം കഴമ്പുള്ളതല്ലേ. ഉപദേശകരെ തട്ടി നടക്കാന്‍ കഴിയില്ലെങ്കിലും മുഖ്യമന്ത്രി വെറുമൊരു ഓട്ടക്കലമോ വട്ടപൂജ്യമോ ആണെന്ന് ആരെങ്കിലും ശങ്കിച്ചാല്‍ കുറ്റം പറയാനാകില്ല.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close