ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറായി അറുന്നൂറോളം ഭീകരര്‍ അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിട്ടുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് സൈന്യത്തിന്റെ പിന്തുണ ഇവര്‍ക്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
കെറാന്‍ സെക്ടറില്‍ 117പേരും മച്ചില്‍ സെക്ടറില്‍ 96 പേരും ടാംഗ്ധര്‍ സെക്ടറില്‍ 79 പേരും നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നുണ്ട്. ഇവയുള്‍പ്പെടെ 10 സെക്ടറുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരില്‍ പാക് സൈന്യത്തിലെയും അംഗങ്ങളുണ്ടെന്നാണ് സൂചന. ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുന്ന പാക് സൈനിക വിഭാഗമായ പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാകാം ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമവുമായി എത്തുന്നുവെന്ന വിവരം ലഭിക്കുന്നത്.