ജലന്ധര്‍: കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും.
അതേസമയം അന്വേഷണസംഘം രൂപതയിലെ നാല് വൈദികരുടെ മൊഴി എടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഇവര്‍ അറിയിച്ചതായാണ് വിവരം. ബിഷപ്പില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്ന് അറിഞ്ഞിരുന്നതായും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
അന്വേഷണ സംഘം എത്തുന്നതിന് മുന്നോടിയായി ജലന്ധര്‍ സിറ്റി ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ബിഷപ്പ് ഹൗസിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നേരിടുമെന്നും ഡി.സി.പി അറിയിച്ചു. ഇന്നു തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണം സംഘം. നേരത്തെ തയ്യാറാക്കിയ പട്ടികയിലുള്ളവരുടെ മൊഴിയെടുക്കുക, സൈബര്‍ തെളിവുകള്‍ ശേഖരിക്കുക, എന്നിവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കന്യാസ്ത്രീ പരാതി നല്കി ഒന്നര മാസത്തിന് ശേഷമാണ് സംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.