കണ്ണൂർ: ധർമ്മശാലയിൽ പ്രവർത്തിയ്ക്കുന്ന നിഫ്റ്റിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശിനിയും മൂന്നാം വർഷ ടെക്സ്റ്റൈൽ ഡിസൈനിംഗ് വിദ്യാർത്ഥിനിയുമായ 20കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആദ്യം തളിപ്പറമ്പിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും കൊണ്ടുപോയ വിദ്യാർത്ഥിനി അപകടനില തരണം ചെയ്തു. നിഫ്റ്റിലെ അധ്യാപകൻ സെന്തിൽ കുമാർ തന്നെ നിരന്തരം മാനസികമായി പീഡിപ്പിയ്ക്കുകയായിരുന്നെന്നും സഹിയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
അധ്യാപകനെതിരെ എല്ലാ പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും പരീക്ഷയിൽ തോൽപ്പിയ്ക്കും എന്ന് ഭയമുള്ളതിനാലാണ് ആരും പരാതി പറയാത്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. അധ്യാപകനെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.