പ്രളയബാധിത മേഖലകളില്‍ പെട്ട ആളുകള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ വളരെ വലുതാണ്. ആര്‍ത്തലച്ചെത്തിയ വെള്ളത്തില്‍ നഷ്ടമായത് വിലമതിക്കാനാകാത്ത പലതുമാകും. ഇങ്ങനെ നശിച്ചു പോയതിന്റെ കൂട്ടത്തില്‍ പലരും ഏറ്റവും അധികം വിഷമിക്കുന്നത് അവശ്യരേഖകള്‍ നഷ്ടപ്പെട്ടതിന്റെ പേരിലാകും. ആധാരവും ബാങ്ക് രേഖകളും സര്‍ട്ടിഫിക്കറ്റുകളും തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡു പോലും നഷ്ടപ്പെട്ടവരുണ്ട്. ഇവയില്‍ പലതും നമുക്ക് തിരിച്ചെടുക്കാവുന്നതേ ഉള്ളു.
* റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിച്ചാല്‍ താത്കാലിക റേഷന്‍ കാര്‍ഡ് ലഭിക്കും. കാര്‍ഡിന്റെ പകര്‍പ്പ് കൈവശമുണ്ടെങ്കില്‍ റേഷന്‍ വാങ്ങുന്നതിന് അതുമതി. പിന്നീട് പുതിയ കാര്‍ഡിന് അപേക്ഷിക്കാം.
* ആധാരം നഷ്ടപ്പെട്ടാല്‍
ആധാരം നഷ്ടപ്പെട്ടാല്‍ അതിന്റെ സര്‍ട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് എടുക്കാം. ആധാരം റജിസ്റ്റര്‍ ചെയ്ത തീയതിയും നമ്പരും കിട്ടിയാല്‍ എളുപ്പമായി. അതില്ലെങ്കില്‍ തന്നെ ചില ജില്ലകളില്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് കംപ്യൂട്ടറില്‍ ഉണ്ട്. പഴയ ആധാരമാണെങ്കില്‍ പേരിന്റെ ആദ്യാക്ഷരം വച്ചും വില്ലേജ്, അംശം ദേശം എന്നിവ വച്ചും പരിശോധിക്കാന്‍ റിക്കോര്‍ഡ് ബുക്കും ഉണ്ട്.
* വോട്ടര്‍ ഐഡി നഷ്ടപ്പെട്ടാല്‍
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ തുടര്‍ന്നു ചെയ്യേണ്ട നടപടിക്രമങ്ങളുടെ മാര്‍ഗ്ഗ നിര്‍ദേശം ലഭിക്കും. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവരങ്ങള്‍ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറല്‍ ഓഫിസര്‍ അഥവാ തഹസില്‍ദാറിന്റെ പക്കല്‍ അപേക്ഷ നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്സൈറ്റില്‍ കയറിയാല്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സൗകര്യമുണ്ട്. ജില്ല, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛന്/അമ്മ/രക്ഷാകര്‍ത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നല്കിയാല് വോട്ടര്‍ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്.
* ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയ കേന്ദ്രത്തില്‍ എത്തുക. നിങ്ങളുടെ പേരും വിലാസവും ജനനതീയതിയും കൃത്യമായി പറഞ്ഞ് വിരലടയാളം നല്കിയാല് ഇ-ആധാര്‍ ലഭിക്കും. അവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
* ആര്‍സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സും നഷ്ടപ്പെട്ടാല്‍
ആര്‍സി ബുക്ക്, ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടു പോയെങ്കില്‍ ഏതെങ്കിലും പത്രത്തില്‍ പരസ്യം നല്‍കിയശേഷം അപേക്ഷ നല്കി നിശ്ചിത ഫീസ് അടച്ചാല്‍ 14 ദിവസത്തിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകും. വെള്ളം കയറി ആര്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്കു കേടുപറ്റിയവര്‍ ഇവയുമായി ആര്‍ടിഒ ഓഫിസില്‍ എത്തിയാല്‍ പുതിയ ആര്‍സി ബുക്ക് ലഭ്യമാക്കും.