തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന്റെ രക്ഷാപ്രവർത്തനത്തിന് കേന്ദ്രം 104 മോട്ടോർ ബോട്ടുകളും 1300 ലൈഫ് ജാക്കറ്റുകളും അനുവദിച്ചു. സംസ്ഥാന സർക്കാർ 98 ബോട്ടുകളായിരുന്നു ആവശ്യപ്പെട്ടത് .1098 ലൈഫ് ജാക്കറ്റുകളും ആവശ്യപ്പെട്ടു . ഇന്ന് രാവിലെയാണ് സംസ്ഥാനം കൂടുതൽ സംവിധാനങ്ങൾ ആവശ്യപ്പെട്ടത്.പ്രതിരോധമന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്. 512 ലൈഫ്ബോയും 1000 റെയിൻ കോട്ടുകളും 300 ഗംബൂട്ടുകളും അനുവദിച്ചിട്ടുണ്ട്.