ലഖ്നൗ : രാഹുൽ ഗാന്ധിയുടെ കൈലാസ യാത്ര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ രാഹുലിനെ കടുത്ത ശിവഭക്തനായി ചിത്രീകരിച്ച് കോൺഗ്രസിന്റെ പോസ്റ്റർ . ഉത്തർപ്രദേശിലാണ് കോൺഗ്രസ് പോസ്റ്റർ പതിച്ചത്.
ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ തിരഞ്ഞെടുക്കുന്ന നേപ്പാൾ വഴിയുള്ള യാത്ര ഒഴിവാക്കി ചൈന വഴിയുള്ള യാത്രയാണ് രാഹുൽ തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വിവാദം കത്തി നിൽക്കെയാണ് രാഹുൽ കടുത്ത ശിവഭക്തനാണെന്ന അവകാശ വാദവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
പോസ്റ്ററിൽ രാഹുലിനെ പണ്ഡിറ്റ് എന്നും പൂണൂൽ ധാരി എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. മുതുമുത്തശ്ശനായ ജവഹർലാൽ നെഹ്രുവിന്റെ കശ്മീരി പണ്ഡിറ്റ് പൈതൃകമാണ് ഇതിലൂടെ രാഹുൽ അവകാശപ്പെടുന്നത്.
പാർട്ടിയുടെ ഗോരഖ്പൂർ ജില്ല ജനറൽ സെക്രട്ടറി അൻവർ ഹുസ്സൈനും അനുയായികളുമാണ് പോസ്റ്ററുകൾ ഒട്ടിച്ചത്. രാജ്യം രാഹുലിന്റെ കൈലാസ യാത്രയിൽ എല്ലാ ഇന്ത്യക്കാരും സന്തോഷിക്കുന്നുണ്ടെന്ന് ഹുസ്സൈൻ പറഞ്ഞു. അദ്ദേഹം രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കാനാണ് കൈലാസത്തിൽ പോകുന്നതെന്നും ഹുസ്സൈൻ അവകാശപ്പെട്ടു.
കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽ നടത്തിയ ജന ആക്രോശ് റാലിയിൽ വച്ച് താൻ കൈലാസത്തിൽ പോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. വിമാനാപകടത്തിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് കൈലാസ യാത്ര നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.