ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി ഇ-റിട്ടേണുകളില്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ 71 ശതമാനം വര്‍ധന. ഓഗസ്ത് 31 ആയിരുന്നു ആദായനികുതി അടക്കുന്നതിന് വേണ്ടിയുള്ള അവസാന തിയതി. പ്രളയക്കെടുതി പരിഗണിച്ച് കേരളത്തില്‍ മാത്രം ആദായനികുതി അടക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നികുതിദായകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. നോട്ട് നിരോധനവും, നികുതി അടക്കേണ്ടതിന്റെ കൃത്യമായ ബോധവത്കരണവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ജനങ്ങളെ ഇക്കാര്യത്തില്‍ സ്വാധീച്ചതായി പറയുന്നു.
വെള്ളിയാഴ്ച വരെ 5.42 കോടി ആളുകളാണ് ഇ-റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3.17 കോടിയായിരുന്നു. അവസാന ദിവസം 35 ലക്ഷം ആളുകള്‍ ഇ-റിട്ടേണ്‍ സമര്‍പ്പിച്ചതായും കണക്കുകള്‍ പറയുന്നു.