മുഖം മിനുക്കി സെർച്ച് എൻജിൻ ഭീമൻമാരായ ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിൾ ക്രോം. പത്താം വാർഷികത്തോടനുബന്ധിച്ചാണ് ക്രോം തങ്ങളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകടമായ നിരവധി മാറ്റങ്ങളോടെയാണ് ക്രോമിന്റെ 69-ാം പതിപ്പിന്റ വരവ്.

സെർച്ച് ബോക്സിന്റെയും ടാബുകളുടെയും ആകൃതിയിൽ വരുത്തിയ മാറ്റമാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇത് കൂടാതെ അതിവേഗം സെർച്ച് ചെയ്യുന്നതിന് ഓട്ടോഫിൽ ഓപ്ഷൻ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ചോദ്യങ്ങൾക്ക് അതിവേഗം ഉത്തരം നൽകുന്ന സ്മാർട്ട് ആൻസർ എന്ന ഫീച്ചറും പുതിയ ക്രോമിലുണ്ട്. അഡ്രസ് ബാറിൽ ചോദ്യം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അതിന്റെ ഉത്തരം തെളിഞ്ഞ് വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
പുതിയ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാത്തവക്ക് വളരെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാനാകും. ക്രോമിന്റെ വലതു ഭാഗത്ത് മുകളിലായി മൂന്ന് കുത്തുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ ഹെല്പ് -> എബൗട്ട് ഗൂഗിള്‍ ക്രോം എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാനാകും.















