ബീജിംഗ്: ഫിലിപ്പീന്‍സിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശം വിതച്ച മംഗൂട്ട് ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ എത്തി. മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഫിലീപ്പിന്‍സില്‍ മാത്രം 64 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 45ഓളം പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീന്‍പിടുത്ത ബോട്ടുകള്‍ തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോങ്കോങ്ങിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടുത്തെ പ്രധാന വിമാനത്താവളങ്ങളും റോഡുകളും അടച്ചു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഹോങ്കോങ്ങില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്ന് ഹോങ്കോങ്ങ് ഒബ്സര്‍വേറ്ററി മുന്നറിയിപ്പ് നല്കി.