കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് 11ാം ദിവസത്തിലേക്ക്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്നലെ മുതല്‍ ഇവര്‍ക്കൊപ്പം സമരം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് കന്യാസ്ത്രീയുടെ സഹോദരിയുടെ തീരുമാനം. അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും ഇവര്‍ ആരോപിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ സമരത്തിന് പിന്തുണയുമായി എത്തികൊണ്ടിരിക്കുകയാണ്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് വേണ്ടി ബുധനാഴ്ച ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.