ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ കര്‍പ്രാന്‍ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. നാല് പേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫിര്‍ദസ് അഹ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹ്മദ് ധോബി, ഫയാസ് അഹമ്മദ് ഭാട്ട് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ മൂന്ന് പേര് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരാള്‍ കോണ്‍സ്റ്റബിളുമാണ്. പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ ജോലി രാജി വക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്നായിരുന്നു ഭീകരരുടെ ഭീഷണി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരില്‍ നിന്നും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും അവരുടെ കുടുംബാംഗങ്ങളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് വേണ്ടി ഹിസ്ബുള്‍ ഭീകരന് റിയാസ് നയികോയുടെ പിതാവ് ഉള്‍പ്പെടെ 12 പേരുടെ കുടുംബാംഗങ്ങളെയാണ് മോചിപ്പിച്ചത്.