ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റാഫേല്‍ ഇടപാടില്‍ നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്ത് 30ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിരുന്നു. അതൊരു താക്കീത് പോലെയായിരുന്നു. വരും ആഴ്ചകളില്‍ ചില വലിയ ബോംബുകള്‍ പൊട്ടുമെന്നായിരുന്നു ആ ട്വീറ്റ്. രണ്ട് രാജ്യങ്ങളുടെ പ്രതിപക്ഷ നേതാക്കള്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നത് വെറുമൊരു യാദൃശ്ചികതയല്ല. കഴിഞ്ഞ ദിവസമാണ് ഒലാന്ദ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സത്യത്തിന് രണ്ട് വശങ്ങളില്ലെന്ന് മനസിലാക്കണം.
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഡസ്സോള്‍ട്ട് ഏവിയേഷനാണ്. ഈ വിഷയത്തില്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഫ്രാന്‍സ്വ ഒലാന്ദും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടായതിന് പിന്നാലെ ഫ്രഞ്ച് ഗവണ്മെന്റും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. റാഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഫ്രഞ്ച് ഗവണ്മെന്റ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ കമ്പനിയെ തിരഞ്ഞെടുക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഇന്ത്യന്‍ ഗവണ്മെന്റ് ഡസ്സോള്‍ട്ട് ഏവിയേഷനൊപ്പം അനില്‍ അംബാനിയുടെ റിലയന്‍സിനേയും പങ്കാളിയായി നിര്‍ദേശിച്ചുവെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാദം.
എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ളതാണ് ഫ്രഞ്ച് ഗവണ്മെന്റ് നടത്തിയ പ്രസ്താവന. യുദ്ധ വിമാനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിലും അതിന്റെ വിതരണത്തിലും മാത്രമാണ് തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഒലാന്ദിന്റെ പ്രസ്താവന കേന്ദ്ര പ്രതിരോധ മന്ത്രാലയവും തള്ളിയിരുന്നു.
WATCH: Finance Minister Arun Jaitley speaks to ANI over former French President Francois Hollande's recent revelati… https://t.co/48drvb5GJe
— ANI (@ANI) September 23, 2018