വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം. ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭീകരര്‍ കോളജ് പരിസരത്ത് എത്തിയത്. ഗേറ്റ് കാവല്‍ക്കാരനെ ഭീഷണിപ്പെടുത്തിയ സംഘം കോളേജിനു മുന്നില്‍ പോസ്റ്ററും ബാനറുകളും സ്ഥാപിച്ചു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ലഘുലേഖ നല്‍കിയശേഷം മാവോവാദി ആശയം പ്രചരിപ്പിക്കാന്‍ ആഹ്വാനവും നല്കി. കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ വാര്‍ഷികോത്സവത്തിന് അഭിവാദ്യമര്‍പ്പിച്ചും ആശയപ്രചാരണം നടത്തിയുമാണ് ബാനര്‍ സ്ഥാപിച്ചത്.
കൂടാതെ സ്ഫോടകവസ്തുവിന് സമാനമായ ഒരു ഉപകരണവും ഇവിടെ കണ്ടെത്തി. അതിന് സമീപം അപായചിഹ്നം രേഖപ്പെടുത്തിയ ബാനറും കെട്ടിയിട്ടുണ്ട്. കല്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്ക്വാഡും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
താമരശേരി ഭാഗത്തും ഏതാനും ആഴ്ചകള്ക്കുമുന്പ് ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു. ഒറ്റപ്പെട്ട വീട്ടില്‍ കയറി ഭക്ഷണം പാകം ചെയ്തു കഴിച്ച സംഘം വീട്ടില്‍ നിന്ന് മാലമോഷ്ടിച്ചതായും പരാതി ഉയര്‍ന്നിരുന്നു. കോഴിക്കോട് വയനാടന്‍ മലനിരകളില്‍ തുടര്‍ച്ചയായി മാവോവാദി സാന്നിധ്യം ഉണ്ടായിട്ടും ഇവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന് തലവേദയാവുന്നുണ്ട്.