കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം(64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിച്ചിട്ടുണ്ട്. അഞ്ച് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. ഭാര്യ: കുഞ്ഞുമോള്‍. മകള്‍: ഐശ്വര്യ, എയ്ഞ്ചല്‍. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്കൂളിലും സെന്റ് ഡൊമിനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശശികുമാറിന്റെ മദ്രാസിലെ മോന് എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. 1983ല്‍ പുറത്തിറങ്ങിയ താവളം ആണ് ആദ്യ ചിത്രം. എന്നാല്‍ രാജാവിന്റെ മകന് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനാകുന്നത്. 2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് അവസാന ചിത്രം. അതിന് ശേഷം ചലച്ചിത്ര രംഗത്ത് സജീവമായിരുന്നില്ല.