ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആസാമില്‍ മേജര്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് പട്ടാളകോടതി ജീവപപര്യന്തം ശിക്ഷ വിധിച്ചു. അസമില്‍ 24 വര്‍ഷം മുന്‍പ് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
മേജര്‍ ജനറല്‍ എ.കെ.ലാല്‍, കേണല്‍ തോമസ് മാത്യു, കോണല്‍ ആര് എസ് സിബിരേന്, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിംഗ്, നായികുമാരായ അല്‍ബിന്ദര്‍ സിംഗ്, ശിവേന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
1994 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. അസമിലെ ടിനുസുക്യയില് തേയില എസ്റ്റേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ കൊലയുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. ഉള്‍ഫ തീവ്രവാദികളാണ് ഉദ്യോഗസ്ഥനെ കൊന്നതെന്നായിരുന്നു നിഗമനം.
ഉള്‍ഫ തീവ്രവാദികളെന്ന് ആരോപിച്ച് അഞ്ച് യുവാക്കളെയാണ് സൈന്യം വെടിവച്ച് കൊന്നത്. എന്നാല്‍ യുവാക്കള്‍ ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകരായിരുന്നു. സംഭവത്തിനെതിരെ അന്ന് യൂണിയന് അംഗവും പിന്നീട് ബിജെപി നേതാവുമായ ജഗദീഷ് ഭുയാന്‍ ഗുവാഹത്തി കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 16ന് കോടതി നടപടികള്‍ ആരംഭിച്ച് ജൂലൈ 27ന് പൂര്‍ത്തിയായി.