തിരുവനന്തപുരം: വ്യാഴാഴ്ച കാര്യവട്ടം സ്പോട്സ് ഹബ്ബിൽ നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഇന്നെത്തും. ഉച്ചയ്‌ക്ക് 12.30 എത്തുന്ന ടീമുകൾ കോവളം ലീല ഹോട്ടലിലാണ് താമസിക്കുക. നാളെ ഇരു ടീമുകളും കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ആദ്യ അന്താരാഷ്‌ട്ര ഏകദിന മത്സരമാണ് വ്യാഴാഴ്ച നടക്കുക. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
മത്സരത്തിന്റെ ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് സംസ്ഥാന ഐ.ടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.
സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴി ശനിയാഴ്‌ച്ച മുതല്‍ ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കിയാല്‍ ഏകദിനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യ്ത് നല്‍കും.















