ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം നാളെ കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് പരിശീലനത്തിനിറങ്ങി. ടീമിലെ യുവതാരങ്ങള്‍ മാത്രമാണ് ഇന്ന് പരിശീലനത്തിനിറങ്ങിയത്. എന്നാൽ വിൻഡീസ് ടീം പരിശീലനത്തിനിറങ്ങിയില്ല.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന ഏകദിനത്തിന്റെ ആവേശത്തിലാണ് അനന്തപുരി. ആദ്യ ഏകദിനത്തിനായി കാര്യവട്ടവും ഒരുങ്ങിക്കഴിഞ്ഞു. കാലാവസ്ഥ കൂടി അനുകൂലമായതിനാൽ മികച്ച മത്സരം കാണികൾക്ക് നൽകാനാകുമെന്ന വിശ്വാസത്തിലാണ് സംഘാടകർ.
അവസാന റൗണ്ട് പരിശീലനത്തിനായി ടീം ഇന്ത്യ സ്റ്റേഡയത്തിലെത്തി. നെറ്റ്സിൽ ഒരുമണിക്കൂറോളം താരങ്ങൾ ബാറ്റിംഗ്, ബൗളിംഗ് പരിശീലനം നടത്തി. നായകൻ കോഹ് ലി, ധോണി, രോഹിത് ശർമ്മ അടക്കമുള്ള സീനിയർ താരങ്ങളാരും ഇന്ന് പരിശീലനത്തിനെത്തിയില്ല. യുവതാരങ്ങളായ ലോകേഷ് രാഹുൽ, യുസ് വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർ മാത്രമാണ് കോച്ച് രവിശാസ്ത്രിയുടെ നേതൃത്വത്തിൽ പരിശീലനത്തിനെത്തിയത്.
നാൽപ്പതിനായിരത്തിൽപ്പരം കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡയത്തിനുള്ളത്. മുപ്പതിനായിരത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1.30നാണ് മത്സരം.















