അബുദാബി : ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയതായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ.സർക്കാരിന്റെ മുന്നിലുള്ള പരമമായ ലക്ഷ്യം നവകേരള സൃഷ്ടിയായിരുന്നെങ്കിൽ ശബരിമല വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലായിരുന്നു.എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമായിരുന്നു.അത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്.കേരളത്തിന്റെ പുനർ നിർമാണത്തിനായുള്ള ആശയ സമാഹരണത്തിനായി ജനം ടി വി അബുദാബിയിൽ സംഘടിപ്പിച്ച പുനർജനി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന അവസരത്തിൽ മറ്റ് രാജ്യങ്ങളിൽ ഭിക്ഷാ പാത്രവുമായി പോകുന്ന രീതി ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണ്,അതും ഇന്ത്യ ശക്തിയേറിയ ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.ഓരോ കാലാവസ്ഥയിലും ഓരോ സംസ്ഥാനത്തും ഇത്തരത്തിൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാം.ആ സമയങ്ങളിലൊക്കെ വിദേശരാജ്യങ്ങളിൽ പോയി പണം സമാഹരിക്കണമെന്ന് പറയുന്നത് തന്നെ അപക്വമായ നിലപാടുകളാണെന്നും ജിജി തോംസൺ ചൂണ്ടിക്കാട്ടി.