ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ്സ്. 2016 നവംബര്‍ എട്ടിന് ആയിരുന്നു 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഉണ്ടായത്.
നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കള്ളനോട്ടും കള്ളപ്പണക്കാരെയും ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചരിത്ര പ്രഖ്യാപനം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ പുരോഗതി വേഗത്തിലാക്കി. ഫ്രാന്‍സിനെ പിന്തള്ളി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് നമ്മുടെ രാജ്യം. വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മിന്നും വേഗത്തില്‍ മുന്നേറാനും മോദിയുടെ കരുത്തില്‍ ഇന്ത്യയ്ക്കു സാധിച്ചു.
2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നടത്തിയ ഉറച്ച പ്രഖ്യാപനം സമഗ്ര മേഖലയിലും നേട്ടം കൈവരുത്തി എന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വരുമാനത്തില്‍ ഇത്തവണ റെക്കോര്‍ഡ് നേട്ടമാണ് രാജ്യവും കേരളവും കൈവരിച്ചത്. നികുതി ദായകരുടെ എണ്ണത്തിലും വന്‍ പുരോഗതി ഉണ്ടായി .നോട്ടു അസാധുവാക്കലിന്റെ പിറ്റേ വര്‍ഷം നികുതി ഇനത്തില്‍ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്.
കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത് 8 ലക്ഷം പേരാണ്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ നികുതി വരുമാനവും വര്‍ദ്ധിച്ചു.
ഡിജിറ്റല്‍ ഇടപാട് കുത്തനെ കൂടിയതും നോട്ട് അസാധുവാക്കലിന്റെ നേട്ടം തന്നെയാണ്. സാമ്പത്തിക രംഗത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കള്ള നോട്ടുകാര്ക്കും വെല്ലുവിളി ഉണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ഇനിയും കുതിച്ചുയരുമെന്നാണ് ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനങ്ങളുടെ വിലയിരുത്തല്‍.