തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവും ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ അവസാനവർഷ നഴ്സിംഗ് വിദ്യാർത്ഥിയുമായ ജഗിൽ ചന്ദ്രനാണ് അറസ്റ്റിലായത്.
മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ റെയ്ഡിലാണ് ജഗിൽ ചന്ദ്രന്റെ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. . വിദ്യാർത്ഥികൾക്ക് വിൽക്കാൻ പാകത്തിൽ പൊതികളാക്കി സൂക്ഷിച്ച അരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസവും പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് വിൽപ്പന കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്.എഫ്.ഐ നേതാവ് അറസ്റ്റിലായത്.
എസ്.എഫ്.ഐ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജഗിൽ ചന്ദ്രൻ കൊല്ലം ആയൂർ സ്വദേശിയാണ്. ഈയടുത്ത് മെഡിക്കൽ കോളേജ് പരിസരവുമായി ബന്ധപ്പെട്ട് വലിയ തോതിൽ കഞ്ചാവ് പിടികൂടിയിരുന്നു. തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം എസ്.എഫ്.ഐ നേതാവിനെ കേസിൽ നിന്ന് രക്ഷിക്കാൻ സിപിഎം ഉന്നത നേതാക്കൾ ഇടപെടുന്നതായി സൂചനയുണ്ട്. ഇയാളെ കേസിൽ നിന്നും ഒഴിവാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ വൻ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്.