തിരുവനന്തപുരം: തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്പ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് പി.കെ.ശശി എംഎല്‍എ. പാര്‍ട്ടിയാണ് എന്നെ വളര്‍ത്തിയത്. എന്നെ ശിക്ഷിക്കാനുള്ള അധികാരവും പാര്‍ട്ടിക്കുണ്ട്. തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും പി.കെ.ശശി പറഞ്ഞു.
പീഡന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ കൃത്യമായ വിവരം ലഭിക്കും. ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന കാര്യമൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ട് കയ്യും നീട്ടി സ്വീകരിക്കും. ഈ നിലപാടാണ് നാളിത് വരെ തനിക്കുള്ളത്. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീയതയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.