അബുദാബി: യു.എസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളെ മാറ്റിനിര്‍ത്തി ദിര്‍ഹത്തിലും രൂപയിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്ന കറന്‍സി സ്വാപ് കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു. ഇന്ത്യ യു.എ.ഇ. ജോയിന്റ് കമ്മിഷന് മീറ്റിങ്ങില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍. ദിര്‍ഹം യു.എസ് ഡോളറിനെ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കറന്‍സി കൈമാറ്റ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ ഗുണകരമായ ഫലമുണ്ടാക്കും. വിവിധ സമയങ്ങളില്‍ ഡോളറിന്റെ ഉയര്‍ച്ചയും താഴ്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം.
ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വ്യാപാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. ഇന്ത്യയും യു.എ.ഇയും സഹകരിച്ച് ആഫ്രിക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കരാറാണ് മറ്റൊന്ന്.
ഇതിന് ശേഷം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി.