ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ട് നല്കാന് യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടയിലാണ് സുപ്രധാനമായ തീരുമാനം. മിഷേലിനെ ഇന്ത്യക്ക് കൈമാറണമെന്ന് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. ബുധനാഴ്ച പട്യാല കോടതിയില്‍ മിഷേലിനെ ഹാജരാക്കും. ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ കോടതിയില്‍ ആവശ്യപ്പെടും.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് , മാതൃ കമ്പനി ഫിന് മെക്കാനിക്ക എന്നിവയ്ക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷേല്‍ പണം വെട്ടിച്ചുവെന്നാണ് കേസ്. ദുബായില്‍ താമസിച്ചു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
വിവിഐപി ആവശ്യങ്ങള്‍ക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്പ്ടറുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഉടമസ്ഥരായ ഫിന് മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കായി 423 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.