Movie Reviews

ജോസഫ് ‘മാൻ വിത്ത് ദ സ്കാർ’

നിഖിൽ ബാലുശ്ശേരി

ജോസഫ് ‘ മാൻ വിത്ത് ദ സ്കാർ, പേര് സൂചിപ്പിക്കും പോലെ ജീവിതത്തിൽ തനിക്കേറ്റ മുറിവ് അന്വേഷിച്ചു പോകുന്ന സമർത്ഥനായ ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ ജീവിതമാണ് ഈ സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

ജോസഫ് എന്ന ടൈറ്റിൽ വേഷം ജോജു എന്ന നടനിൽ ഭദ്രമായിരുന്നു. സ്വഭാവ നടനിൽ നിന്നും നായക വേഷത്തിലേയ്ക്ക് എത്തിയ ജോജു എന്ന നടന്റെ വളർച്ച പ്രശംസനീയം തന്നെ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകൻ പദ്മകുമാറിന്റെ തിരിച്ചു വരവും ഈ സിനിമയിലൂടെ കാണാം. കുറ്റാന്വേഷണ വിഭാഗത്തിൽ പെടുത്തതാവുന്ന കഥ, അതിന്റെ സസ്പെൻസ് നിലനിർത്തി കൊണ്ട് തന്നെ ബോറടിപ്പിക്കാതെ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ കയ്യടി സംവിധായകൻ അർഹിക്കുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങി പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിച്ച് സത്യസന്ധമായ രീതീയിൽ സിനിമ അവസാനിപ്പിയ്ക്കാൻ ധൈര്യം കാണിച്ച സംവിധായകനും തിരക്കഥാകൃത്തും അഭിനന്ദനം നേടുന്നു. ഒരു സാധാരണ ചിത്രമായി അവസാനിയ്ക്കുമായിരുന്ന ഈ സിനിമയെ വ്യത്യസ്തമാക്കിയതും ക്ലൈമാക്‌സിൽ സംവിധായകൻ കാണിച്ച ഈ തന്റേടം തന്നെയാണ് എന്ന് മനസ്സിലാകുമ്പോഴാണ് നിരൂപക പ്രശംസ കൂടി ഈ ചിത്രത്തിന് ലഭിക്കുന്നത്.

ജോജു എന്ന നടന്റെ പെർഫോമൻസിന്റെ മികവിനൊപ്പം തന്നെ മറ്റു താരങ്ങളുടെ പ്രകടനങ്ങളും നന്നായിട്ടുണ്ട്. എങ്കിലും കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജിലും ഡയലോഗ് ഡെലിവെറിയിലും ജോജു എന്ന നടൻ കാണിച്ച ശ്രദ്ധ എടുത്തു പറയേണ്ടത് തന്നെയാണ്. തന്റെ ആദ്യ രചന തന്നെ ഗംഭീരമാക്കിയ ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൽ നിന്നും ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കാം എന്ന് ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിലെ സംഗീത വിഭാഗവും പ്രത്യേകം പ്രശംസ അർഹിക്കുന്നു. സിനിമയുടെ കഥയുമായി ഇഴ ചേർന്നു കിടക്കുന്ന സംഗീതം ഒരുക്കിയ രഞ്ജിൻ രാജുo പശ്ചാത്തല സംഗീതം ചെയ്ത അനിൽ ജോൺസണും ശ്രദ്ധ നേടുന്നു. മനേഷ് മാധവന്റെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിംഗും നിലവാരം പുലർത്തിയിട്ടുണ്ട്.

എല്ലാ അർത്ഥത്തിലും ഒരു മികച്ച ചിത്രമെന്ന് അവകാശപ്പെടാൻ കഴിയില്ല. എങ്കിലും ഒരു തവണ തീയേറ്ററിൽ പോയി കാണാവുന്ന ചിത്രമാണ് ജോസഫ്. ഒട്ടേറെ പ്രതീക്ഷകളുമായി പോകാതിരുന്നാൽ പ്രേക്ഷകന് നിരാശ സമ്മാനിക്കാത്ത ചിത്രവും. ജോസഫും അതിന്റെ അണിയറ പ്രവർത്തകരും പ്രശംസയ്ക്ക് ഒപ്പം തന്നെ വിജയവും അർഹിക്കുന്നു. ഗോ ഫോർ ഇറ്റ്…

നിഖിൽ ബാലുശ്ശേരി

329 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close