കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശപൗരന്മാരെ കാണാനില്ല. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക സൂചന.
കാണാതായവരില്‍ മൂന്ന് അമേരിക്കന്‍ പൗരന്മാരും മലേഷ്യയില്‍ നിന്നുള്ള 17 പേരും ബ്രിട്ടനില്‍ നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നാല് പേരും ഉള്‍പ്പെടുന്നു. ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയും കാണാതായിട്ടുണ്ട്. മറ്റ് 103 പേരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, 16 പേര്‍ മരിച്ചതായാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും കാണാതായവര്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒന്‍പതോടെയാണ് ഭോട്ടെ കോശി നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത്. പിന്നാലെ ശക്തമായ മിന്നല്‍പ്രളയം രൂപപ്പെടുകയായിരുന്നു. കുത്തിയൊഴുകിയ വെള്ളത്തില്‍ നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു.
തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തിയ വെള്ളം ഗ്രാമങ്ങളിലൂടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് തിരച്ചില്‍ തുടരുന്നതിനിടെ, കാണാതായവരില്‍ ഇന്ത്യക്കാരുടെ എണ്ണം ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും മാറിയേക്കാമെന്നാണ് സൂചന.















