ഭോപ്പാല്‍: മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 114 സീറ്റാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബിജെപി 109 സീറ്റുകളില്‍ ജയിച്ചു. ബിഎസ്പി രണ്ടിടത്തും സമാജ്വാദി പാര്‍ട്ടി ഒരിടത്തും നാല് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.
ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിനും നഗര മേഖലകളില്‍ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമ മേഖലയില്‍ കോണ്‍ഗ്രസിന് 95ഉം ബിജെപിക്ക് 85ഉം സീറ്റുകളാണ് ലഭിച്ചത്. നഗര മേഖലയില്‍ ബിജെപിക്ക് 25ഉം കോണ്‍ഗ്രസ് 19 മണ്ഡലങ്ങളിലും വിജയം നേടി.
കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബിഎസ്പി ഇവിടെ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എസ്പിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന. ഇക്കാര്യം അറിയിച്ച് പാര്‍ട്ടി നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്കി.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എസ്പിയും ബിഎസ്പിയുമായി ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മധ്യപ്രദേശിലെത്തിയിട്ടുണ്ട്.