ലണ്ടന്‍: ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം. ബ്രക്സിറ്റ് ഉടമ്പടിയില്‍ തെരേസാ മേയുടെ നിലപാടിനെതിരെയാണ് അവിശ്വാസ പ്രമേയം. തെരേസാമേയുടെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചത്. തെരേസാമേയുടെ നിലപാടിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
യൂറോപ്പിയന്‍ യൂണിയനില്‍ നിന്നും വിട്ടു പോരുന്നതിന് ഒപ്പ് വെച്ച കരാര്‍ പാര്‍ലമെന്റ് പാസാക്കിയാലേ പ്രാബല്യത്തില്‍ വരുകയുള്ളൂ. കരാറിന്റെ മെച്ചത്തെപ്പറ്റി മേ പറയുന്നുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയിലെ എംപി മാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല.
ബ്രക്സിറ്റ് ഉടമ്പടി സംബന്ധിച്ച് നടത്തേണ്ട വോട്ടെടുപ്പ് മേ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എംപി മാര്‍ ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ തോല്‍വി ഉറപ്പായ സാഹചര്യത്തിലായിരുന്നു പിന്മാറ്റം.
അതേസമയം, അവിശ്വാസ പ്രമേയത്തെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് തെരേസാ മേ പറഞ്ഞു.