മുംബൈ: നാസിക്കിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ മുംബൈ- ആഗ്ര റോഡിൽ വച്ചായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ 6 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരം.
ചന്ദ്വാഡിന് സമീപം റാഹുദ് ഘട്ടിൽ വച്ച് ബസിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയത്. അപകടത്തിൽ പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരുടെ നില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു.