Movie Reviews

പകയുടെ കരിമ്പടം പുതച്ച് ഒടിയന്റെ പകർന്നാട്ടം

നിഖിൽ ബാലുശ്ശേരി

ഒടി വിദ്യയുമായി ഒടിയൻ മാണിക്യത്തിന്റെ പകർന്നാട്ടം. കടൽ പോലെ,ആകാശം പോലെ മലയാളിയ്ക്ക് കൺ നിറയെ കാണാൻ ഏറെ ഇഷ്ടമുള്ള ലാൽ ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല.പൂർണമായും ഒരു ലാൽ ചിത്രം തന്നെയാണ്  ഒടിയൻ.

തന്റെ ഭൂതകാലത്തിലെ പാപങ്ങളുമായി വാരണാസിയിൽ ശിഷ്ടകാലം ജീവിച്ചു തീർക്കാനിരിക്കുന്ന ഒടിയൻ മാണിക്യൻ യാദൃശ്ചികമായി തന്റെ ഗ്രാമവാസിയെ കാണുകയും,ഇനിയും മറവി മൂടാത്ത പ്രതികാരത്തിന്റെ ഭാണ്ഡക്കെട്ടും പേറി സ്വന്തം നാടായ തേങ്കുറിശിയിലേക്ക് മടങ്ങി വരുകയും ചെയ്യുന്നു.ബാക്കി വച്ച ഒടി വിദ്യയുടെ പകർന്നാട്ടത്തിനാണ് തേങ്കുറിശി പിന്നെ സാക്ഷിയാകുന്നത്.നാടൻ പാട്ടു പോലെ മാണിക്യന്റെ ഒടി കഥകൾ മനസിൽ സൂക്ഷിക്കുന്നവർക്കിടയിലേക്കാണ് അവൻ എത്തുന്നത്.

ഒടിയൻ മാണിക്യൻ കളി നിർത്തി ബാക്കി വച്ച സ്ഥലത്തുനിന്ന് തന്നെ രണ്ടാമങ്കത്തിന് കളം ഒരുങ്ങുന്നു , തന്റെ പഴയ ഒടി വിദ്യയുടെ രാജാവ് ,മരിച്ചുപോയ മുത്തപ്പനെ വണങ്ങി പ്രതികാരം ചെയ്യാൻ തയ്യാറെടുക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

സിനിമയുടെ പേര് സൂചിപ്പിക്കും പോലെ തന്നെ ഒടി വിദ്യകളാൽ സമ്പന്നമാണ് സിനിമയും. മോഹൻലാൽ എന്ന അസാമാന്യ അഭിനയത്തിന്റെ ഒടി വിദ്യക്കാരനെ കൂടി ചിത്രത്തിന് ലഭിക്കുമ്പോൾ അതിന്റെ പൂർണത കൈവരിക്കുന്നു .പണ്ടു നാടൻ കഥകളിൽ കേട്ടിട്ടുള്ള ഒടി വിദ്യയുടെ കാഴ്ചകൾ സിനിമയിൽ പ്രേക്ഷകർക്കായി ഒരുക്കിട്ടിയിട്ടുണ്ട് .

മാറ്റുരയ്ക്കാനാകാത്ത അഭിനയ പ്രതിഭ തന്നെയാണ് മഞ്ജു വാര്യർ എന്നത് വീണ്ടും അഭിമാനത്തോടെ ഓർക്കാം ഒടിയനിലെ പ്രഭയെ കാണുമ്പോൾ.

കരിമ്പനക്കാടുകളുടെ നിഗൂഢ ഭംഗിയും ,പ്രതികാരത്തിന്റെ തീഷ്ണതയും ആവാഹിച്ച സീനുകൾ ഷാജി കുമാറിന്റെ ഛായാഗ്രഹണ മികവിൽ ഭദ്രമായി.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് പീറ്റർ ഹെയ്ൻ ഒരു മുതൽ കൂട്ടായി തന്നെ മാറി.ക്ലൈമാക്സിലുള്ള ഒടിയൻ മാണിക്യത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് ആവേശമേറ്റുന്നു.

എം ജയചന്ദ്രന്റെ സംഗീതത്തിൽ പിറന്ന പാട്ടുകൾ പാലക്കാടൻ ഗ്രാമത്തിന്റെ വിശുദ്ധിയും,ഒരു പഴയ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുമാണ്.സാം കൈകാര്യം ചെയ്ത പശ്ചാത്തല സംഗീതവും ജോൺ കുട്ടിയുടെ എഡിറ്റിങ്ങും കൈയ്യടി വാങ്ങുന്നു .

എങ്കിലും ശക്തമായ തിരക്കഥയുടെ സാന്നിധ്യം ഈ ചിത്രത്തിൽ നിന്ന് എപ്പോഴൊക്കെയോ മറഞ്ഞു നിന്നു.ഓരോ സീനുകളും തമ്മിൽ ബന്ധിപ്പിച്ചുനിർത്തുന്ന അദൃശ്യമായ രസതന്ത്രത്തിന്റെ നേർച്ചരട് പലസ്ഥലങ്ങളിലും പൊട്ടികിടക്കുന്നു .

കാഴ്ച്ചക്കാരുടെ പ്രതീക്ഷകൾ വാനോളം ആകുമ്പോൾ അത് പ്രാപ്യമാക്കാനുള്ള ബാധ്യത തീർച്ചയായും സംവിധായകനും എഴുത്തുകാരനും ഏറ്റെടുക്കണം .അതിനൊക്കെ ആക്കം കൂട്ടുന്ന ഹൈപ്പ് സിനിമ ഇറങ്ങും മുൻപ് സംവിധായകൻ ഒരുക്കി വച്ചിരുന്നു.എന്നാൽ അവർ ഈ കാര്യത്തിൽ എത്രത്തോളം വിജയിച്ചു എന്നുള്ളത് സിനിമ പറയും.

പ്രതീക്ഷകൾ വളരെ ഉയരത്തിലാകുമ്പോൾ അതിനോട് കിടപിടിക്കുന്ന ചിത്രം തന്നെയാകണം കാണികൾക്ക് മുന്നിൽ എത്തേണ്ടത്.

കേട്ട് പഴകിയ കഥാതന്തു,വില്ലന് നായികയോട് തോന്നുന്ന അടങ്ങാത്ത പ്രണയം/ കാമം , ഈ സിനിമയിലെയും പ്രധാന കഥാതന്തുവാക്കി എടുത്തതിനോടുള്ള എന്റെ പൂർണമായ വിയോജിപ്പ് ഞാൻ രേഖപ്പെടുത്തട്ടെ .പ്രകാശ് രാജ് എന്ന നടന് അഭിനയ സാധ്യതയുള്ള ഒരു റോൾ ആണോ ഇതിൽ കിട്ടിയതെന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം.

മഴ ആർത്തലച്ചു പെയ്യുന്ന രാവുകളിൽ മുത്തശ്ശി പറഞ്ഞു തന്ന ഒടിയന്റെ കഥകൾ ക്ലാവ് പിടിച്ച് ഇപ്പോഴും മനസ്സിന്റെ മൂലയിൽ കിടപ്പുണ്ട് .കാളയായും പോത്തായും വയൽ വരമ്പുകളിൽ പാടത്ത്‌ പതിയിരിക്കുന്ന ഒടിയൻ.അത് പൊടി തട്ടി വീണ്ടും മനസിൽ സൂക്ഷിക്കും പോലെയായി ഒടിയൻ എന്ന ചിത്രം.

എന്തായാലും ആ പ്രതീക്ഷകൾക്ക് ഒരു പരിധിവരെ നിറം പകരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .കേട്ട കഥകളിലെ ലാളിത്യം മാത്രം ചിത്രത്തിൽ നിന്ന് എവിടെയോ അപ്രത്യക്ഷമായി. കാണുംതോറും കുരുക്ക് മുറുകി വരുന്ന ഒരു കറ കളഞ്ഞ തിരക്കഥയായിരുന്നു ഈ ചിത്രത്തിന് വേണ്ടത് എന്ന ഈ എളിയ പ്രേക്ഷകന്റെ ചിന്തയും ഇതോടൊപ്പം പങ്കുവയ്ക്കുന്നു . കുട്ടിസ്രാങ്കിന്റെ എഴുത്തുകാരനിൽ നിന്ന് കുറച്ചുകൂടി പ്രതീക്ഷിച്ചാലും തെറ്റ് പറയാൻ പറ്റില്ല .

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോൾ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം മനസ്സിലുണ്ട് മായാതെ നീല കടുക്കനിട്ട ലാലേട്ടന്റെ പുതിയരൂപം ഒടിയൻ തന്നെയായി നമുക്ക് തോന്നും . മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലും നോട്ടങ്ങളിലും ഒടിയൻ മാണിക്യനെ മാത്രമേ ദൃശ്യമാകുന്നുള്ളൂ.

ഇതുവരെ ലാൽ എന്ന നടൻ കെട്ടാത്ത വേഷങ്ങളില്ല ,ഒടിയൻ മാണിക്യനും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകും .ഒടിയന്റെ രൂപത്തിന് വേണ്ടി ശരീരത്തിൽ കാണിച്ച മാറ്റം കഥാപാത്രത്തിലും സിനിമ കണ്ടിറങ്ങി വരുന്ന പ്രേക്ഷക ഹൃദയങ്ങളിലും പതിവുപോലെ തന്നെ സ്ഥാനം പിടിക്കുന്നു .

അമിത പ്രതീക്ഷകളില്ലാതെ പോയാൽ ഒടിയൻ മാണിക്യത്തിന്റെ ഒടി വിദ്യകൾ നിങ്ങൾക്ക് ആസ്വദിക്കാനാകും .നൂതന സാങ്കേതികവിദ്യകളുള്ള തിയേറ്ററിൽ നിന്ന് തന്നെ കാണുമ്പോൾ ഒട്ടും ബോറടിപ്പിക്കാതെ ലാലേട്ടന്റെ ഒടിയൻ മാണിക്യൻ വിസ്മയമായി മാറും തീർച്ച…

നിഖിൽ ബാലുശ്ശേരി

 

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close