തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം സംഘടിപ്പിക്കും. ശബരിമലയില്‍ സര്‍ക്കാര്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നുവെന്നും, ഭക്തരുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നത്.
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ ആചാര ലംഘനത്തിന് യുവതികള്‍ എത്തും എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ബിജെപി സമര രംഗത്ത് ഇറങ്ങുന്നത്.
അതേസമയം, സന്നിധാനത്ത് സുരക്ഷാനടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് നടതുറന്നപ്പോഴും ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയക്ക്ല്‍, ഇലവുങ്കല്‍ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സന്നിധാനത്ത് നാമം ജപിച്ച നിരവധി അയ്യപ്പ ഭക്തരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.