കൊച്ചി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ,മക്കളായ വിദ്യാസാഗര്‍,ജയശ്രീ എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ 5 മണിയോടുകൂടിയാണ് കൊച്ചിയിലെത്തിച്ചത്.
നളിനിയമ്മയുടെയും വിദ്യാസാഗറിന്റേയും മൃതദേഹങ്ങള്‍ കുടുംബവീട്ടിലും ജയശ്രീയുടെ മൃതദേഹം ഭര്തൃഗൃഹത്തിലുമായിരിക്കും സംസ്കരിക്കുക.
കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടര്‍ന്ന് പിടിക്കുകയായിരുന്നു.
അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.