ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന. പുല്‍വാമ ആക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന നിലപാട് മാറ്റില്ലെന്നാണ് സൂചന. ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പാകിസ്ഥാന് താക്കീതുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഞെട്ടിച്ചുവെന്നാണ് ചൈന പ്രതികരിച്ചത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ബലിദാനികളായ സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.എല്ലാത്തരം ഭീകരവാദത്തേയും ചൈന എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കുമ്പോഴും ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ചൈന ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല.
പാക് ഭീകരനും ജെയ്ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ചൈന. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയ തീവ്രവാദ സംഘടനകളില്‍ ഒന്നാമതാണ് ജെയ്ഷെ മുഹമ്മദ്. രണ്ടു പതിറ്റാണ്ടിലേറെയായി ഭാരതത്തില്‍ നടക്കുന്ന മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്നത് ജെയ്ഷെ തലവന്‍ മസൂദ് അസറാണ്.
2008 ലെ മുംബെ സ്ഫോടന പരമ്പര, 2016 ലെ പഠാന്‍കോട് ഭീകരാക്രമണം തുടങ്ങിയവയുടെ ആസൂത്രകനും അസറാണ്. സാഹചര്യങ്ങള്‍ ഇതായിരിക്കെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം വീണ്ടും ഇന്ത്യ ഉന്നയിച്ചാല്‍ തടയുമെന്ന സൂചനകളാണ് ചൈനയുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്ത സാഹചര്യത്തിലും അതിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.